Thursday, October 1, 2009

മീന്‍ കൊത്തി


യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ കണ്ടുവരുന്ന ഒരു പക്ഷിയാണ്‌ ചെറിയ മീന്‍‌കൊത്തി അഥവാ നീലപൊന്മാന്‍. ഇംഗ്ലീഷ്: Common Kingfisher. ശാസ്ത്രീയനാമം: Alcedo atthis taprobana. കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങള്‍ക്കു സമീപം എളുപ്പത്തില്‍ കണ്ടെത്താവുന്ന ഈ പക്ഷിയ്ക്ക് പൊന്മാന്‍ എന്നും പേരുണ്ട്.

ഏതാണ്ട് 5-6 ഇഞ്ചു വലുപ്പം. ശരീരത്തിന്റെ മുകള്‍ഭാഗം നല്ല തിളങ്ങുന്ന നീല നിറം. അടിവശവും കണ്ണിനോടു ചേര്‍ന്നുള്ള ഒരു പട്ടയും തവിട്ടു നിറം. കണ്ണിനു പിന്നിലായി വെളുപ്പു നിറത്തിലുള്ള ഒരു പട്ടയും ഉണ്ടാവും. ജലാശയങ്ങള്‍ക്കു സമീപം ഇരുന്ന് കണ്ണില്‍പ്പെടുന്ന മീനുകളെയും മറ്റു ചെറു ജലജീവികളെയും പിടി കൂടി ഭക്ഷിക്കുന്നു.

നവംബര്‍ മുതല്‍ ജൂണ്‍ വരെയാണ്‌ ഈ പക്ഷികളുടെ പ്രജനനകാലം. ഒരു തവണ ഏഴു മുട്ടകള്‍ വരെ ഇടുന്നൂ. ജലാശയങ്ങളുടെ തീരത്ത് മണ്ണുതുരന്നുണ്ടാക്കുന്ന ഏകദേശം ഒരു മീറ്റര്‍ നീളമുള്ള പൊത്തുകളിലാണ് ഇവ മുട്ടയിടുക. മത്സ്യങ്ങള്‍, വാല്‍മാക്രികള്‍, ജലാശയത്തില്‍ കാണപ്പെടുന്ന കീടങ്ങളേയും പുഴുക്കളേയുമാണ് സാധാരണ ഭക്ഷിക്കുന്നത്.

Saturday, September 5, 2009

മൂങ്ങ

200-ലധികം സ്പീഷീസുകള്‍ അടങ്ങുന്ന ഒരു ഇരപിടിയന്‍ പക്ഷിവര്‍ഗ്ഗമാണ് മൂങ്ങ. മിക്കവയും ഏകാന്ത ജീവിതം നയിക്കുന്നവയും പകല്‍ വിശ്രമിച്ച് രാത്രി ഇരപിടിക്കുന്നവയുമാണ്. മൂങ്ങകള്‍ സാധാരണയായി ചെറിയ സസ്തനികള്‍, പ്രാണികള്‍, മറ്റ് പക്ഷികള്‍ എന്നിവയെയാണ് വേട്ടയാടാറ്. മത്സ്യങ്ങളെ പിടിക്കുന്നതില്‍ പ്രഗല്‍ഭരായ മൂങ്ങകളുമുണ്ട്. അന്റാര്‍ട്ടിക്കയും ഗ്രീന്‍ലാന്റിന്റെ മിക്കഭാഗങ്ങളും ചില വിദൂര ദ്വീപുകളും ഒഴിച്ച് മറ്റെല്ലാ പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ജീവിച്ചിരിക്കുന്ന മൂങ്ങകളെ സ്ട്രിജിഡെ, ടൈറ്റോനിഡെ എന്നിങ്ങനെ രണ്ട് കുടുംബങ്ങളായി വിഭാഗീകരിച്ചിരിക്കുന്നു.

ഓലേഞ്ഞാലി

കാക്കയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു പക്ഷിയാണ് ഓലേഞ്ഞാലി (English: Rufous Treepie or Indian Treepie). ഈ പക്ഷിയെ ഇന്ത്യയിലൊട്ടാകെയും ബര്‍മ്മയിലും ലാവോസിലും തായ്‌ലാന്റിലും കണ്ടുവരാറുണ്ട്. കേരളത്തില്‍ പലയിടങ്ങളിലും ഓലേഞ്ഞാലി, ഓലമുറിയന്‍, പുകബ്ലായി, പൂക്കുറുഞ്ഞിപ്പക്ഷി, കുട്യൂര്‍ളിപ്പക്ഷി, കോയക്കുറുഞ്ഞി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു.

ഏകദേശം 18 ഇഞ്ചോളം വരും ഈ പക്ഷിയുടെ വലുപ്പം. ഇതില്‍ വാലിനു മാത്രം ഏതാണ്ട്‌ 12 ഇഞ്ചോളം നീളം കാണും. തലയും കഴുത്തും മാറിടവും കറുപ്പു നിറം. ശേഷം ദേഹം ഭൂരിഭാഗവും മങ്ങിയ തവിട്ടു നിറം. ചിറകിനരികില്‍ ഒരു കറുത്ത പട്ടയും അതിനു മുകളിലായി ഒരു വെള്ള പട്ടയും കാണാം. നീണ്ട വാലിന്‍റെ തുമ്പും അടിഭാഗവും കറുപ്പ്, മുകള്‍ഭാഗം വെള്ള.




ഓലേഞ്ഞാലി കാക്കയെപ്പോലെ തന്നെ എന്തും ഭക്ഷിക്കും. പുഴുക്കള്‍, ചെറുപാറ്റകള്‍, പക്ഷിക്കുഞ്ഞുങ്ങള്‍, പക്ഷികളുടെ മുട്ടകള്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. ആഹാരസമ്പാദനം പ്രധാനമായും മരക്കൊമ്പുകളിലും ഇലകള്‍ക്കിടയിലും നിന്നാണ്. സാധാരണ ഇണകളായാണ് ഇര തേടുക. ഓലകള്‍ക്കിടയിലെ പുഴുക്കളെ പിടി കൂടുവാന്‍ കൊക്കു കൊണ്ട് ഓലയില്‍ പിടിച്ച് ആടി ഇറങ്ങുന്നതു കാണാം. ‘പൂക്രീന്‍.. പൂക്രീന്‍’ എന്നതാണ് പ്രധാന ശബ്ദമെങ്കിലും മറ്റു പലതരം ശബ്ദങ്ങളും ഓലേഞ്ഞാലി പുറപ്പെടുവിക്കാറുണ്ട്. മഴക്കാലത്തിനു മുന്‍പാണ് പ്രജനനകാലം.

vikipedia


Friday, September 4, 2009

ആനറാഞ്ചി

ഇന്ത്യ, ഇറാന്‍, ശ്രീലങ്ക, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ കണ്ടു വരുന്ന ഒരു പക്ഷിയാണു ആനറാഞ്ചി (ശാസ്ത്രീയനാമം:Dicrurus macrocercus). കാക്കയുടെ ഇനത്തില്‍പ്പെട്ട പക്ഷിയല്ലെങ്കിലും കേരളത്തില്‍ ഇത് കാക്കത്തമ്പുരാട്ടി എന്നും അറിയപ്പെടുന്നു കാക്ക, പരുന്ത് പ്രാപ്പിടിയന്‍ തുടങ്ങി, സ്വന്തം ശരീരവലുപ്പത്തിന്റെ പല ഇരട്ടിയോളം വരുന്ന പല മാംസഭോജി പക്ഷികളെയും കൊത്തി ഓടിക്കാന്‍ ഇവയ്ക്ക് യാതൊരു ഭയവും ഉണ്ടാവാറില്ല. കാക്കകളെ പ്രത്യേക പ്രകോപനമൊന്നുമില്ലാതെ പിന്നാലെ ചെന്നു കൊത്തി തുരത്തുന്നത് ഈ പക്ഷിയുടെ ഒരു സ്വഭാവ സവിശേഷതയാണ്‌.

സ്വന്തം ശരീരവലിപ്പത്തിന്റെ പലമടങ്ങ് വലിപ്പമുള്ള പക്ഷികളോട് നേര്‍ക്കു നേര്‍ പോരാടാന്‍ വരെ ധൈര്യമുള്ള ഒരു പക്ഷി ആതിനാലാല്‍ അതിശയോക്തി കലര്‍ന്ന ആനറാഞ്ചി എന്ന പേര് വിളിക്കുന്നു. കാക്കയോടുള്ള സാമീപ്യവും എന്നാല്‍ വേറിട്ട സ്വഭാവവുമായിരിക്കാം കാക്കത്തമ്പുരാട്ടി എന്ന പേരിനു പിന്നില്‍ എന്ന് അനുമാനിക്കുന്നു. ആണ്‍ കിളിയുടെ തൂവലിനു തിളക്കമുള്ള കറുപ്പും. പുറത്തേക്ക് ഇരുവശത്തേക്കും വളയുന്ന നീണ്ട വാലുമാണ്. ഇമ്പമുള്ള പലതരം ശബ്ദങ്ങള്‍ക്കൊപ്പം, മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കുന്നതിലും ആനറാഞ്ചി സമര്‍ത്ഥനാണ്.നെല്‍പാടങ്ങളിലും, കായലോര പ്രദേശങ്ങളിലും ഇതിനെ കാണാന്‍ സാധിക്കും. മനുഷ്യരെ ഭയം ഇല്ലാത്തതിനാല്‍ എളുപ്പം ഇണങ്ങുകയും ചെയ്യും. ഉയര്‍ന്ന കൊമ്പുകളിലോ, ഇലക്ട്രിക് ലൈനുകളിലോ, പൊന്തകള്‍ക്കു മുകളിലോ ഇരുന്ന്, ആ വഴി പറക്കുന്ന ചെറു പ്രാണികള്, തുമ്പികള്‍, പുല്‍ച്ചാടികള്‍ തുടങ്ങീയവയെ പറന്നു ചെന്നു പിടിച്ചു തിന്നുകയാണ് പ്രധാന ഭക്ഷണരീതി. നാല്‍കാലികളുടെ പുറത്തിരുന്നു സവാരി ചെയ്തും ചിലപ്പോള്‍ ഇവ ഇര തേടാറുണ്ട്. മറ്റു ചെറിയ കിളികളെ ആക്രമിച്ച് ഭക്ഷിക്കുകയും ചെയ്യും.

മാര്‍ച്ച് മുതല് ജൂണ്‍ വരെയുള്ള സമയമാണ് ആനറാഞ്ചിയുടെ സന്താനോല്പാദന കാലം. ഉയര്‍ന്ന വൃക്ഷങ്ങളുടെ ശിഖരങ്ങളില്‍ കുഴിഞ്ഞ കൂടുകൂട്ടിയ ശേഷം മൂന്നും നാലും മുട്ടകള്‍ ഇട്ട് വിരിയിക്കും.മുട്ടകള്‍ക്ക് വെള്ളയോ റോസോ നിറവും, അതില്‍ തവിട്ടു നിറത്തില്‍ കുത്തുകളും കാണപ്പെടുന്നു. കൂടു കെട്ടുന്ന സമയത്ത് ഇവയുടെ ആക്രമണ സ്വഭാവം വളരെ കൂടുതലായിരിക്കും. എന്നാല്‍ മൃദുസ്വഭാവമുള്ള പക്ഷികളെ ഇവ ഉപദ്രവിക്കാറില്ലെ ന്ന്‍ മാത്രമല്ല അവ ഇവയുടെ കൂടിനടുത്തായി കൂട് കെട്ടി മറ്റു പക്ഷികളില്‍ നിന്ന് സം‌രക്ഷണം ഉറപ്പുവരുത്താറുമുണ്ട്.

wikepedia